സ്ട്രെസ് രോഗപ്രതിരോധ സംവിധാനത്തെ ദുര്ബലമാക്കുന്നതായി പഠനം
by Abdul Sultan
On April 1, 2024
വിട്ടുമാറാത്ത സമ്മര്‍ദ്ദം- സ്ട്രസ്സ് - അനുഭവിക്കുന്നവരുടെ രോഗപ്രതിരോധ ശേഷി കുറയുമെന്ന് പഠനം. മനസ്സിന്റെ ആരോഗ്യപ്രശ്നം ശരീരത്തിന്റെ ആരോഗ്യപ്രശ്നവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിലേക്ക് വെളിച്ചം വീശുന്നതായി സൂറിച്ച് സര്‍വ്വകലാശാല നടത്തിയ പഠനം.
മാനസിക സമ്മര്‍ദ്ദം ശക്തമാകുന്ന സമയത്ത് രോഗപ്രതിരോധ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക എന്‍സൈം -മാട്രിക്സ് മെറ്റലോപ്രോട്ടീനേസ്-8 (എംഎംപി-8) ന്റെ അളവ് തലച്ചോറില്‍ കുതിച്ചുയരുന്നതായി കണ്ടെത്തി. വിഷാദരോഗികളില്‍ കാണപ്പെടുന്ന സമാന മാറ്റങ്ങളാണ് ഗവേഷകര്‍ക്കു കാണാനായത്. എംഎംപി-8 രക്തപ്രവാഹത്തില്‍ നിന്ന് മസ്തിഷ്കത്തിലേക്ക് കുടിയേറുകയും അവിടെ അത് നിര്‍ദ്ദിഷ്ട ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതുമൂലം ഉള്‍വലിച്ചില്‍, സാമൂഹ്യമായ ഇടപെടലുകളില്‍ നിന്ന് സ്വയം ഒഴിവാകല്‍ തുടങ്ങിയ സ്വഭാവങ്ങള്‍ ശക്തമാകുന്നു. സൂറിച്ച് സര്‍വ്വകലാശാല, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് സൈക്യാട്രി സൂറിച്ച്, ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിയിലെ ഇക്കാന് സ്കൂള്‍ ഓഫ് മെഡിസിന് എന്നിവയുടെ നേതൃത്വത്തില്‍ ആണ് പഠനം നടത്തിയത്.
സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മാനസിക രോഗങ്ങളില്‍ ശരീരവും മനസ്സും തമ്മിലുള്ള ഈ പുതിയ ബന്ധം വിഷാദരോഗത്തിനുള്ള നൂതനമായ ചികിത്സകള്‍ക്കുള്ള സാധ്യതകള്‍ തുറന്നേക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഈ കണ്ടെത്തലിന് ഇരട്ട പ്രാധാന്യമുണ്ട്. ഒന്നാമതായി, സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മാനസിക രോഗങ്ങള്‍ക്ക് മാത്രമല്ല, രോഗപ്രതിരോധ, നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അവസ്ഥകള്‍ക്കും ഇത് ഒരു പുതിയ 'ബോഡി-മൈന്‍ഡ് മെക്കാനിസം' അനാവരണം ചെയ്യുന്നു. രണ്ടാമതായി, എംഎംപി-8 ഒരു പ്രധാന സ്വാധീനഘടകമായി തിരിച്ചറിയുന്നത് പുതിയ വിഷാദരോഗ ചികിത്സകള്‍ക്ക് വഴിയൊരുക്കും. ചില മസ്തിഷ്ക മേഖലകളെ ഉത്തേജിപ്പിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥയുടെ സ്വാധീനവും വിഷാദ സ്വഭാവങ്ങളില്‍ അതിന്റെ സാധ്യതയുള്ള സ്വാധീനവും സംബന്ധിച്ചുള്ള ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് ഗവേഷണ സംഘം.
Schedule Your Appointment Today & Experience the Difference!