ഉത്കണ്ഠ അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷയായി എഐ തെറാപ്പി ഗവേഷണം
by Abdul Sultan
On March 27, 2024
ഉത്കണ്ഠാ രോഗങ്ങളുമായി പൊരുതുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, ഒരു പുതിയ പഠനം പ്രതീക്ഷയുടെ തിളക്കം നല്കുന്നു. ചികിത്സാ പദ്ധതികള്‍ വ്യക്തിഗതമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകളിലാണ് ഗൗരവമായ ഗവേഷണങ്ങള്‍ നടക്കുന്നത്.
ലോകം മൊബൈലുകളിലേക്കും ഗാജറ്റുകളിലേക്കും ചുരുങ്ങുമ്പോള്‍ ഉത്കണ്ഠയും അമിത സമ്മര്‍ദ്ദങ്ങളും ഉള്‍പ്പെടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ പേര് നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളി, ഉത്കണ്ഠ നേരിടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള തെറാപ്പി രൂപപ്പെടുന്നത്.
പരമ്പരാഗതമായി, ഉത്കണ്ഠ ചികിത്സയില്‍ കോഗ്നിറ്റീവ്-ബിഹേവിയറല്‍ തെറാപ്പി (സിബിടി) പോലുള്ള തെറാപ്പികളോ അല്ലെങ്കില്‍ മരുന്നുകളോ ഒക്കെയാണ് നിര്‍ദ്ദേശിക്കപ്പെടുക. എന്നാല്‍ ഈ ചികിത്സകള്‍ എല്ലാവര്ക്കും ഒരു പോലെ ഫലപ്രദമാകണമെന്നില്ല.
എഐ തെറാപ്പി എങ്ങനെ പ്രവര്‍ത്തിക്കും?
ഒരു രോഗിയുടെ മെഡിക്കല്‍ ചരിത്രം, ലക്ഷണങ്ങള്‍, ജീവിതശൈലി ഡാറ്റ എന്നിവ വിശകലനം ചെയ്യുന്ന എ ഐ പ്രോഗ്രാം ആണ് ഗവേഷകര്‍ ഇതിനായി വിഭാവനം ചെയ്യുന്നത്. ഈ ഡാറ്റയില്‍ ഉറക്ക പാറ്റേണുകള്‍, ഹൃദയമിടിപ്പ് വ്യത്യാസം, സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റി എന്നിവയും ഉള്‍പ്പെടാം. ഈ ഘടകങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ, ആ വ്യക്തിയുടെ ഉത്കണ്ഠയ്ക്ക് പ്രത്യേകമായ പാറ്റേണുകളും സാധ്യതയുള്ള ട്രിഗറുകളും എഐക്ക് തിരിച്ചറിയാന്‍ കഴിയും.
ഈ വിശകലനത്തെ അടിസ്ഥാനമാക്കി, എഐയ്ക്ക് ഏറ്റവും ഫലപ്രദമായ തെറാപ്പി അല്ലെങ്കില്‍ ചികിത്സകള്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയും. സൈക്കോളജിക്കല്‍ ടെക്നിക്കുകള്‍, വിശ്രമ വ്യായാമങ്ങള്‍, അല്ലെങ്കില്‍ രോഗിയുടെ തനതായ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മരുന്നുകള്‍ എന്നിവ നിര്‍ദ്ദേശിച്ചേക്കാം. എന്നാല്‍ ഈ സാങ്കേതികവിദ്യ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, അതിന്റെ ഫലപ്രാപ്തി സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. എന്നിരുന്നാലും, ഉത്കണ്ഠ ചികിത്സ കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനുള്ള എഐയുടെ സാധ്യതയാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.
അതേ സമയം, സാങ്കേതിക വിദ്യകള്‍ എത്ര തന്നെ വളര്‍ന്നാലും മനുഷ്യന്റെ വികാര വിചാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിദഗ്ധരായ സൈക്കോളജിസ്റ്റുകളും സൈക്കോതെറാപ്പിസ്റ്റുകളും നല്കുന്ന സേവനങ്ങളെ പൂര്‍ണ്ണമായി മാറ്റിവച്ച് എഐ സേവനങ്ങളെ മാനസികാരോഗ്യ കാര്യത്തില്‍ മുഖവിലക്കെടുക്കുന്നതിന്റെ അപകടവും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും പിന്തുണ നല്‍കുന്നതിനും ഉത്കണ്ഠയുടെ വൈകാരിക സങ്കീര്‍ണ്ണതകളെ വഴി നടത്തി അവരെ അതില്‍ നിന്ന് മോചിതരാക്കുന്നതില് ചികിത്സയുടെ മാനുഷിക ഘടകം നിര്‍ണായകമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Schedule Your Appointment Today & Experience the Difference!