യുദ്ധക്കെടുതി നേരിടുന്നവരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഡബ്ല്യു എച്ച് ഒ ഓണ്‍ലൈന്‍ ഉച്ചകോടിയിലേക്ക്
by Abdul Sultan
On March 27, 2024
യുദ്ധം നാശം വിതച്ച മേഖലകളിലെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ലോകാരോഗ്യസംഘടന ഒരുങ്ങുന്നു. വ്യക്തികളുടെയും കമ്മ്യൂണിറ്റികളുടെയും മാനസികാരോഗ്യത്തില്‍ അക്രമത്തിന്റെയും യുദ്ധത്തിന്റെയും വിനാശകരമായ ആഘാതത്തെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു എച്ച് ഒ ഇത്തരമൊരു ഓണ്‍ലൈന്‍ സമ്മിറ്റിന് ഒരുങ്ങുന്നത്.
സംഘര്‍ഷ മേഖലകളുടെ മാനസികാരോഗ്യ അനന്തരഫലങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. അക്രമത്തിനു വിധേയരായവര്‍ക്കും അഭയാര്‍ഥികളാകാന്‍ നിര്ബന്ധിതരായവര്ക്കും ഉയര്‍ന്ന തോതിലുള്ള ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്നിവ അനുഭവപ്പെടുന്നു. ഫലപ്രദമായ മാനസികാരോഗ്യ സംരക്ഷണം നല്‍കുന്നതിനുള്ള സമഗ്രമായ തന്ത്രം വികസിപ്പിക്കുന്നതിനാണ് ഓണ്‍ലൈന്‍ ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇതിനായി നയരൂപീകരണം നടത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ലോകനേതാക്കളെയും മാനുഷിക സംഘടനകളെയും മാനസികാരോഗ്യ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മനഃശാസ്ത്രപരമായ പ്രഥമ ശുശ്രൂഷയില്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുക, സാംസ്കാരികമായി അനുയോജ്യമായ മാനസികാരോഗ്യ സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ആവശ്യമുള്ളവര്‍ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നിര്‍ണായക പ്രശ്നങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. കൂടാതെ, വിദൂര പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ ടെലിഹെല്‍ത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പോലുള്ള മാനസികാരോഗ്യ പിന്തുണയ്ക്കുള്ള നൂതനമായ സമീപനളും ചര്‍ച്ചയാവും.
യുദ്ധക്കെടുതി നേരിടുന്ന രാജ്യങ്ങളില്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലുള്ള സഹായങ്ങള്‍ എത്തിക്കുന്നതില്‍ ലോകമെങ്ങും നിന്ന് സഹായങ്ങള്‍ എത്തുക പതിവുണ്ടെങ്കിലും ആ സമൂഹം നേരിടുന്ന മാനസികാരോഗ്യവെല്ലുവിളികളെ ലോകാരോഗ്യസംഘടന അഭിസംബോധന ചെയ്യുന്നതിനെ മാനസികാരോഗ്യ മേഖല വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Schedule Your Appointment Today & Experience the Difference!